12:24pm 10 November 2026
NEWS
ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ച് ഇറാൻ; ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്ന് ട്രംപ്
24/06/2025  04:59 AM IST
nila
 ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ച് ഇറാൻ; ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്ന് ട്രംപ്

 ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈവാക്രമണം നടത്തി ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിന് നേരേയാണ് ആക്രമണമുണ്ടായത്. ​ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ തൊടുത്ത മിസൈലുകളിൽ ഒന്നൊഴികെ മറ്റെല്ലാം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്ന് ഖത്തർ വ്യക്തമാക്കി. അതേസമയം, ദുർബലമായ ആക്രമണം എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. 

ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയെന്നും ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചിരുന്നുഎന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ആൾനാശമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും അമേരിക്കൻ പ്രസിഡന്റ് സമൂ​ഹമാധ്യമത്തിൽ കുറിച്ചു. സമാനമായി ഇസ്രയേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.

ഇറാഖിലെ അൽ അസദ് താവളം ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും ആക്രമണ സാധ്യത കണക്കിലെടുത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്‌ജമായിരുന്നെന്ന് യുഎസ് അറിയിച്ചു. ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അൽ ഉദൈദ് എയർ ബേസ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമാണ് ഇത്. ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഞായറാഴ്ച രാവിലെ യുഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ  അൽ ഉദൈദ് എയർ ബേസ് ആക്രമിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img